കൊച്ചി: തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്‍ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തുവരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ശബരിമല സ്വര്ണക്കൊള്ളയില്നിന്നു ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്‍ഡിഎഫ് തന്ത്രങ്ങള്‍ വിജയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇനി ഉയര്ന്നുവരികയില്ലെന്ന് അവര്‍ ഉറപ്പിച്ചുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി ലഭിച്ചയുടന്‍ പോലീസിനു കൈമാറിയ കെപിസിസി നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചുതന്ന മുന്‍ മാതൃകകൾ സ്വീകരിക്കുകയാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുന്നതിനു പകരം കമ്മീഷനെ നിയമിക്കുമായിരുന്നു.
ആ കമ്മീഷന് കേസ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നടപടിയെടുക്കാതെ കാത്തിരിക്കേണ്ടിവരുമെന്നതാണ് എല്‍ഡിഎഫിന്റെ രീതിയെന്നും രാഹുലിനെതിരേ കോണ്‍ഗ്രസ് കൈക്കൊണ്ട നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി എടുക്കുന്ന തീരുമാനത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.